
മണ്മറഞ്ഞ ഒരു സഹയാത്രികൻ കൂടി…Krishna Prasad
ശാസ്ത്രചരിത്രത്തിലാദ്യമായി തമോഗർത്തിന്റെ ചിത്രം പകർത്തിയത്തിന്റെ ആഹ്ലാദ പ്രകടനങ്ങൾ മങ്ങിത്തുടങ്ങുന്നതിന് മുൻപേയാണ് ഒരു സുപ്രധാന കണ്ടുപിടിത്തം കൂടി കടന്നുവരുന്നത്. തമോഗർത്തിന്റെ ചിത്രം പകർത്തിയത്തിനുള്ള കീർത്തി ഭൗതികശാസ്ത്രത്തിന് അവകാശപ്പെട്ടതാണെങ്കിൽ അതിന് ഹേതുവായ ഹോമോ സാപിയെൻസിന്റെ പരിണാമ യാത്രയിൽ മണ്മറഞ്ഞ ആ സഹയാത്രികന്റെ കണ്ടുപിടുത്തിനുള്ള യശസ്സ് ജീവിശാസ്ത്രത്തിനുള്ളതാണ്.
ഫിലിപൈൻസിലെ കഗായൻ പ്രവിശ്യയയിലുള്ള ലൂസോൺ ദീപിൽ
സ്ഥിതിചെയ്യുന്ന കലവോ ഗുഹകളിൽ നിന്നാണ് 50,000 മുതൽ 67,000 വർഷം വരെ പഴക്കമുള്ള ആദിമമനുഷ്യന്റെ ഫോസ്സിൽ കണ്ടെത്തിയത്. ലൂസോൺ ദീപിൽ നിന്ന് കണ്ടെത്തിയതിനാൽ ഈ സ്പിഷീസിന് ഹോമോ ലൂസോണൻസിസ് (Homo Luzonensis) എന്ന്‍ പേര് നൽകി. മനുഷ്യന്റെ പരിണാമചരിത്രത്തിൽ ആദ്യമായി ആഫ്രിക്ക വിട്ട് അന്യദേശങ്ങളിലേക്ക് പലായനം ചെയ്തത് ഹോമോ ഇറക്റ്റസ് (Homo erectus) ആണ്. ഏതാണ്ട് ഒരു ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഹോമോ ഇറക്റ്റസ് പോലുള്ള പുരാതനമായ ഹോമിനിനുകൾ (ഹോമോ ജീനസിൽ വരുന്ന ജീവികൾ) കരമാര്ഗം വഴി ഇന്തോനേഷ്യത്തിൽ എത്തിയിരുന്നു. ലുസോൺ ദീപിൽ കരമാര്ഗം വഴി എത്താൻ ഹോമിനിനുകൾക്ക് വളരെ ദുഷ്കരമായതുകൊണ്ട് അവിടെ ഗവേഷണം നടത്തിയിട്ട് ഫലം ഉണ്ടാകില്ല എന്ന് പുരാവസ്തുഗവേഷകർ കരുതി.
2003ൽ ലുസോൺ ദീപിലെ കലാവോ ഗുഹയിൽ ഖനനം ആരംഭിച്ചപ്പോൾ 25,000 വർഷം പഴക്കമുള്ള ഉപകരണങ്ങൾ കണ്ടെത്തിയെങ്കിലും തുടർന്നുള്ള ഗവേഷണം നിർത്തിവെച്ചു. ഒരു വർഷത്തിന് ശേഷം ശാസ്ത്രത്തെ ഞെട്ടിച്ച കുള്ളൻ മനുഷ്യരുടെ ഫോസ്സിൽ ഇൻഡോനേഷ്യയിലെ ഫ്ളോറെസ് എന്ന് ദീപിൽ നിന്ന് കണ്ടെത്തി. ‘അത്ഭുത ദീപ്’ എന്ന മലയാള ചലച്ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ആ ദീപിൽ ജീവിച്ചിരുന്ന -മൂന്ന് വയസ്സ് പ്രായമുള്ള ഒരു ആധുനിക കുട്ടിയുടെ ഉയരം മാത്രമുണ്ടായിരുന്ന-ആ സ്പീഷിസിന് ഹോമോ ഫ്ലോറിസിയേൻസിസ് (Homo floresiensis) എന്ന് പേര് നൽകി. ഈ കണ്ടുപിടുത്തത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് 2005ൽ വീണ്ടും ഫിലിപൈൻസിലെ കലവോ ഗുഹയിൽ ഖനനം ആരംഭിച്ചു. ആദ്യം കിട്ടിയ പന്നിയുടെയും മാനിന്റെയും അസ്ഥികളുടെ കൂട്ടത്തിൽ മനുഷ്യന്റെ കാലിലെ അസ്ഥിയോട് സാദൃശ്യമുള്ള ഒരണ്ണം വേറിട്ട് നിന്നു. തുടര്പഠങ്ങങ്ങളിൽ നിന്ന് അത് മനുഷ്യന്റേതാണെന്ന് മനസ്സിലാക്കിയ ശാസ്ത്രജ്ഞർ അതിന്റെ പഠന റിപ്പോർട്ട് 2010ൽ ‘ജേർണൽ ഓഫ് ഹ്യൂമൻ ഇവല്യൂഷൻ’ എന്ന ശാസ്ത്രമാസികയിൽ പ്രസ്തിദ്ധീകരിച്ചു. ഒരു പുതിയ സ്പിഷീസിനെ ആയിരിക്കുമോ കിട്ടിയത് എന്നുള്ള അവരുടെ സംശയം തീര്കുന്നവിധത്തിലുള്ള അസ്ഥികൾ 2011ലും 2015ലും ലഭിച്ചു. കാൽ വിരലുകളിലെ രണ്ട് അസ്ഥികൾ, ഏഴ് പല്ലുകൾ, കൈവിരലിന്റെ രണ്ട് അസ്ഥികൾ പിന്നെ തുടയെല്ലിന്റെ ഒരു കഷണവും. ചെറിയ ശരീരമുള്ള ഹോമോ ലുസോനെന്സിസിന്റെ അവശിഷ്ടങ്ങളിലെ കുഴിയും വളവും കാണിക്കുന്നത് പൗരാണികവും ആധുനികവുമായ ശരീരഗുണങ്ങളാണ്. പല്ലിന്റെ ലളിതമായ ആകൃതിയും ചെറിയ വലുപ്പവും ആധുനിക ശരീരഗുണങ്ങളെ കാണിക്കുമ്പോൾ മൂന്ന് വേരുകളുള്ള ഒരു പല്ല് പൗരാണികമായ ശരീരഗുണത്തെ വ്യക്തമാകുന്നു. മൂന്ന് ശതമാനത്തിൽ താഴെ മാത്രമേ ആധുനിക മനുഷ്യരിൽ മൂന്ന് വേരുള്ള പല്ല് കാണാൻ കഴിയുകയുള്ളു. മനുഷ്യന്റെ ബന്ധുവായ ലോക പ്രസിദ്ധമായ ‘ലൂസി’ ഉൾപ്പെടുന്ന ഓസ്‌ട്രോലോപിത്തിസീൻസ് എന്ന ഒരു വിഭാഗം ജീവികളുടെ കാലിലെ ആസ്തിയുമായി ലൂസോണൻസിസിന്റെ കാലിലെ ഒരു അസ്ഥിക്ക് സാദൃശ്യമുണ്ട് എന്നുള്ളതാണ് വേറെയൊരു രസകരമായ കാര്യം. DNA വേർതിരിച്ചെടുത്ത് ജനിതക പഠനങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇത്രയും പഴകുമുള്ള അസ്ഥികളിൽനിന്ന് DNA വേർതിരിച്ചെടുക്കുന്നതും പലപ്പോഴും വിജയിക്കാറില്ല. എങ്കിലും ശാസ്ത്രത്തിനെ സംബന്ധിച്ചടുത്തോളം ഹോമോ ലൂസോണൻസിസിന്റെ കണ്ടുപിടുത്തം മഹത്തരമാണ്. ഭാവിയിൽ ഇനിയും പ്രപഞ്ച രഹസ്യങ്ങൾ കണ്ടെത്താൻ കുതിക്കുന്ന മനുഷ്യരാശിയുടെ ഭൂതകാലത്തിലേക്ക് എത്തിനോക്കാനുള്ള ദൂരദർശിനികളാണവ!
Reference : https://www.nature.com/articles/s41586-019-1067-9